Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 22 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്ക:

2 ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊൾവിൻ!

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിപ്പിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്ക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു.

4 നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും.

5 ഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായ്പോകുമെന്നു ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു.

6 യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.

7 ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.

8 അനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും

9 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ചു അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടു തന്നേ എന്നുത്തരം പറകയും ചെയ്യും.

10 മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേകരവിൻ; അവൻ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല.

11 തന്റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല.

12 അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വെച്ചു തന്നേ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല.

13 നീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും

14 ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീർക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!

15 ദേവദാരുകൊണ്ടു മികെച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു.

16 അവൻ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.

17 എന്നാൽ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവർത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.

18 അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ചു അവർ: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചു: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.

19 യെരൂശലേമിന്റെ പടിവാതിലുകൾക്കു പുറത്തു അവനെ വലിച്ചെറിഞ്ഞു ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.

20 ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്ക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ.

21 നിന്റെ ശുഭകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; നീയോ: ഞാൻ കേൾക്കയില്ല എന്നു പറഞ്ഞു; എന്റെ വാക്കു അനുസരിക്കാതിരിക്കുന്നതു ബാല്യംമുതൽ നിനക്കുള്ള ശീലം.

22 നിന്നെ മേയിക്കുന്നവരെ ഒക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും. അപ്പോൾ നീ നിന്റെ സകലദുഷ്ടതയുംനിമിത്തം ലജ്ജിച്ചു അമ്പരന്നുപോകും.

23 ദേവദാരുക്കളിന്മേൽ കൂടുവെച്ചു ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും.

24 എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവു എന്റെ വലങ്കൈക്കു ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരിയെറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു.

25 ഞാൻ നിന്നെ നിനക്കു പ്രാണഹാനിവരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും കല്ദയരുടെ കയ്യിലും തന്നേ.

26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവെച്ചു നിങ്ങൾ മരിക്കും.

27 അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്കു അവർ മടങ്ങിവരികയില്ല.

28 കൊന്യാവു എന്ന ഈ ആൾ, സാരമില്ല എന്നുവെച്ചു ഉടെച്ചുകളഞ്ഞൊരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ചു, അവർ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാൻ സംഗതി എന്തു?

29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക!

30 ഈ ആളെ മക്കളില്ലാത്തവൻ എന്നും ആയുഷ്കാലത്തു ഒരിക്കലും ശുഭംവരാത്തവൻ എന്നും എഴുതുവിൻ; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദയിൽ വാഴുവാൻ അവന്റെ സന്തതിയിൽ യാതൊരുത്തന്നും ശുഭംവരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan