Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 17 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.

2 ഉയർന്ന കുന്നുകളിൽ പച്ചമരങ്ങൾക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കൾ ഓർക്കുന്നുവല്ലോ.

3 വയൽപ്രദേശത്തിലെ എന്റെ പർവ്വതമേ, നിന്റെ അതിർക്കകത്തൊക്കെയും ചെയ്ത പാപംനിമിത്തം ഞാൻ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചെക്കു ഏല്പിക്കും.

4 ഞാൻ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങൾ എന്റെ കോപത്തിൽ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

6 അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും.

7 യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

8 അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.

9 ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?

10 യഹോവയായ ഞാൻ ഹൃദയത്തെ ശോധന ചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.

11 ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും.

12 ആദിമുതൽ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,

13 യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവെക്കും; അവർ ജീവനുള്ള വെള്ളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.

14 യഹോവേ, എന്നെ സൗഖ്യമാക്കേണമേ, എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.

15 അവർ എന്നോടു: യഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.

16 ഞാനോ ഇടയനായി നിന്നെ സേവിപ്പാൻ മടിച്ചില്ല; ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങൾ ഉച്ചരിച്ചതു തിരുമുമ്പിൽ ഇരിക്കുന്നു.

17 നീ എനിക്കു ഭയങ്കരനാകരുതേ; അനർത്ഥദിവസത്തിൽ എന്റെ ശരണം നീയല്ലോ.

18 എന്നെ ഉപദ്രവിക്കുന്നവൻ ലജ്ജിച്ചു പോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്കു അനർത്ഥദിവസം വരുത്തി, അവരെ തകർത്തു തകർത്തു നശിപ്പിക്കേണമേ.

19 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ ചെന്നു, യെഹൂദാരാജാക്കന്മാർ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതില്ക്കലും യെരൂശലേമിന്റെ എല്ലാവാതില്ക്കലും നിന്നുകൊണ്ടു അവരോടു പറക:

20 ഈ വാതിലുകളിൽകൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സർവ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ!

21 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൂക്ഷിച്ചുകൊൾവിൻ; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളിൽകൂടി അകത്തു കൊണ്ടുവരരുതു.

22 ശബ്ബത്തുനാളിൽ നിങ്ങളുടെ വീടുകളിൽനിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാൾ വിശുദ്ധീകരിപ്പിൻ. നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ അങ്ങനെ കല്പിച്ചുവല്ലൊ.

23 എന്നാൽ അവർ കേട്ടില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവർ ശാഠ്യം കാണിച്ചു.

24 നിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്റെ വാതിലുകളിൽകൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന്നു എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ

25 ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളിൽകൂടി കടക്കയും ഈ നഗരം എന്നേക്കും നില്ക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

26 യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേമിന്നു ചുറ്റും ഉള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും താഴ്‌വീതിയിൽനിന്നും മലനാടുകളിൽനിന്നും തെക്കേ ദിക്കിൽനിന്നും അവർ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗവും അർപ്പിക്കും.

27 എന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളിൽ യെരൂശലേമിന്റെ വാതിലുകളിൽകൂടി ചുമടു ചുമന്നുകൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങൾ എന്റെ വാക്കു കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ അതിന്റെ വാതിലുകളിൽ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan