Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 16 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

2 ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.

3 ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

4 അവർ കൊടിയ വ്യാധികളാൽ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവർ നിലത്തിന്നു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ മുടിഞ്ഞുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തിൽ ചെല്ലരുതു; വിലപിപ്പാൻ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.

6 വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെനിമിത്തം മുറിവേല്പിക്കയില്ല, മുൻകഷണ്ടിയുണ്ടാക്കുകയുമില്ല.

7 മരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കൽ അവർക്കു അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവർക്കു ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാൻ കൊടുക്കയുമില്ല.

8 അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്‌വാനും നീ വിരുന്നുവീട്ടിലേക്കു പോകരുതു.

9 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.

10 നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്തു എന്നു അവർ നിന്നോടു ചോദിക്കുമ്പോഴും

11 നീ അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാർ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.

12 നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്റെ വാക്കു കേൾക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.

13 അതുകൊണ്ടു ഞാൻ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങൾ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാൻ നിങ്ങൾക്കു കൃപ കാണിക്കയുമില്ല.

14 ആകയാൽ, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,

15 യിസ്രായേൽമക്കളെ വടക്കെദേശത്തുനിന്നും താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കു ഞാൻ അവരെ വീണ്ടും കൊണ്ടുവരും.

16 ഇതാ, ഞാൻ അനേകം മീൻപിടിക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിലുംനിന്നും എല്ലാകുന്നിലും നിന്നും പാറപ്പിളർപ്പുകളിൽനിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.

17 എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേൽ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞുകിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല.

18 അവർ എന്റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറെപ്പുകളെക്കൊണ്ടു നിറെച്ചിരിക്കയാൽ, ഞാൻ ഒന്നാമതു അവരുടെ അകൃത്യത്തിന്നും അവരുടെ പാപത്തിന്നും ഇരിട്ടിച്ചു പകരം ചെയ്യും.

19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാർക്കു അവകാശമായിരുന്നതു മിത്ഥ്യാമൂർത്തികളായ വെറും ഭോഷ്കു അത്രേ; അവയിൽ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.

20 തനിക്കു ദേവന്മാരെ ഉണ്ടാക്കുവാൻ മനുഷ്യന്നു കഴിയുമോ? എന്നാൽ അവ ദേവന്മാരല്ല.

21 ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാൻ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവർ അറിയും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan