Biblia Todo Logo
Bìoball air-loidhne

- Sanasan -

യാക്കോബ് 1 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.

2 എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ

3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.

4 എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

5 നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.

6 എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.

7 ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.

8 ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.

9 എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും

10 ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.

11 സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.

12 പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

13 പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.

15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

16 എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.

17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

18 നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

19 പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.

20 മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.

21 ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.

22 എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.

23 ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.

24 അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.

25 സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.

26 നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.

27 പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan