Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 8 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവ എന്നോടു കല്പിച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്നു എഴുതുക.

2 ഞാൻ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വെക്കും.

3 ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടു: അവന്നു മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേർ വിളിക്ക;

4 ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.

5 യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ:

6 ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻമകനിലും സന്തോഷിക്കുന്നതുകൊണ്ടു,

7 അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.

8 അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.

9 ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ.

10 കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ടു.

11 യഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാൽ:

12 ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.

13 സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.

14 എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും.

15 പലരും അതിന്മേൽ തട്ടിവീണു തകർന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.

16 സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.

17 ഞാനോ യാക്കോബ് ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.

18 ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.

19 വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ - ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവർക്കു വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?

20 ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്കു അരുണോദയം ഉണ്ടാകയില്ല.

21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.

22 അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan