യെശയ്യാവ് 7 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. 2 അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദുഗൃഹത്തിന്നു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി. 3 അപ്പോൾ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാൻ ചെന്നു അവനോടു പറയേണ്ടതു: 4 സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം, അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു. 5 നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. 6 അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു 7 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല. 8 അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നുപോകും. 9 എഫ്രയീമിന്നു തല ശമര്യ; ശമര്യെക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല. 10 യഹോവ പിന്നെയും ആഹാസിനോടു: 11 നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: 12 ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. 13 അതിന്നു അവൻ പറഞ്ഞതു: ദാവീദ് ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു? 14 അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. 15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. 16 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. 17 യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂർരാജാവിനെ തന്നേ. 18 അന്നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു കൊതുകിനെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും. 19 അവ ഒക്കെയും വന്നു ശൂന്യമായ താഴ്‌വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും 20 അന്നാളിൽ കർത്താവു നദിക്കു അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൗരക്കത്തികൊണ്ടു, അശ്ശൂർരാജാവിനെക്കൊണ്ടു തന്നേ, തലയും കാലും ക്ഷൗരം ചെയ്യും; അതു താടിയും കൂടെ നീക്കും. 21 അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ടു ആട്ടിനെയും വളർത്തും. 22 അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ടു അവൻ തൈരു തന്നേ കൊറ്റുകഴിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും. 23 അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കും. 24 ദേശമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളു. 25 തൂമ്പാകൊണ്ടു കിളെച്ചുവന്ന എല്ലാമലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ടു ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളവാനും മാത്രം ഉതകും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.