യെശയ്യാവ് 66 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു? 2 എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും. 3 കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കയും പന്നിച്ചോര അർപ്പിക്കയും ചെയ്യുന്നവൻ, ധൂപം കാണിക്കയും മിത്ഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു 4 അവർ ഭയപ്പെടുന്നതു അവർക്കു വരുത്തും; ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ. 5 യഹോവയുടെ വചനത്തിങ്കൽ വിറെക്കുന്നവരേ, അവന്റെ വചനം കേട്ടുകൊൾവിൻ; നിങ്ങളെ പകെച്ചു, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ തന്നെത്താൻ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചു പോകും. 6 നഗരത്തിൽ നിന്നു ഒരു മുഴക്കം കേൾക്കുന്നു; മന്ദിരത്തിൽ നിന്നു ഒരു നാദം കേൾക്കുന്നു; തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നേ. 7 നോവു കിട്ടുംമുമ്പെ അവൾ പ്രസവിച്ചു; വേദന വരുംമുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 8 ഈവക ആർ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു. 9 ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തീട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കീട്ടു ഞാൻ ഗർഭപാത്രം അടെച്ചുകളയുമോ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. 10 യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ അത്യന്തം ആനന്ദപ്പിൻ. 11 അവളുടെ സാന്ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ നുകർന്നു രമിക്കയും ചെയ്‌വിൻ. 12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും. 13 അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും. 14 അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോടോ അവൻ ക്രോധം കാണിക്കും. 15 യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. 16 യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ വളരെ ആയിരിക്കും. 17 തോട്ടങ്ങളിൽ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു. 18 ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്നു എന്റെ മഹത്വം കാണും. 19 ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീർത്തി കേൾക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവർ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും; 20 യിസ്രായേൽമക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ സകലജാതികളുടെയും ഇടയിൽ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവ്വതമായ യെരൂശലേമിലേക്കു യഹോവെക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു. 21 അവരിൽ നിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. 22 ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു. 23 പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു. 24 അവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.