Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 65 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.

2 സ്വന്ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.

3 അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും

4 കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നില്ക്ക; ഇങ്ങോട്ടു അടുക്കരുതു;

5 ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.

6 അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും.

7 നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാർവ്വിടത്തിലേക്കു അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ടു; നശിപ്പിക്കരുതു; ഒരനുഗ്രഹം അതിൽ ഉണ്ടു എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല.

9 ഞാൻ യാക്കോബിൽനിന്നു ഒരു സന്തതിയെയും യെഹൂദയിൽനിന്നു എന്റെ പർവ്വതങ്ങൾക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കയും ചെയ്യും.

10 എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോൻ ആടുകൾക്കു മേച്ചൽപുറവും ആഖോർതാഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.

11 എന്നാൽ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവ്വതത്തെ മറക്കയും ഗദ് ദേവന്നു ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറെച്ചുവെക്കയും ചെയ്യുന്നവരേ,

12 ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലെക്കു കുനിയേണ്ടിവരും.

13 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.

14 എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.

15 നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ വേറൊരു പേർ വിളിക്കും.

16 മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താൻ അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ തന്നെത്താൻ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.

17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.

18 ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.

19 ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല;

20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.

21 അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.

22 അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.

23 അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.

24 അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.

25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan