യെശയ്യാവ് 64 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും 2 തീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു! 3 ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരികയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ. 4 നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. 5 സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ? 6 ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു. 7 നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. 8 എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ; 9 യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലോ. 10 നിന്റെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു. 11 ഞങ്ങളുടെ പിതാക്കന്മാർ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായിത്തീർന്നു; ഞങ്ങൾക്കു മനോഹരമായിരുന്നതൊക്കെയും ശൂന്യമായി കിടക്കുന്നു. 12 യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ? |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.