യെശയ്യാവ് 45 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു - അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു: 2 ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും. 3 നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും 4 എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു. 5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. 6 സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. 7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. 8 ആകാശമേ, മേലിൽനിന്നു പൊഴിക്കുക; മേഘങ്ങൾ നീതിയെ വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു. 9 നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ? 10 അപ്പനോടു: നീ ജനിപ്പിക്കുന്നതു എന്തു എന്നും സ്ത്രീയോടു: നീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം! 11 യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിൻ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിൻ. 12 ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു. 13 ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു; അവന്റെ വഴികളെ ഒക്കെയും ഞാൻ നിരപ്പാക്കും; അവൻ എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവൻ എന്റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും. 15 യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. 16 അവർ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും. 17 യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല. 18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു - അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു: - ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. 19 ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവെച്ചല്ല സംസാരിച്ചതു; ഞാൻ യാക്കോബിന്റെ സന്തതിയോടു: വ്യർത്ഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു. 20 നിങ്ങൾ കൂടിവരുവിൻ; ജാതികളിൽവെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കയും ചെയ്യുന്നവർക്കു അറിവില്ല. 21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. 22 സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. 23 എന്നാണ, എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു. 24 യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. 25 യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.