Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 36 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.

2 അന്നു അശ്ശൂർരാജാവു രബ്-ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവൻ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ നിന്നു.

3 അപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കൽ പുറത്തു ചെന്നു.

4 രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടതു: അശ്ശൂർരാജാവായ മഹാരാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?

5 യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടു എന്നുള്ള വെറും വാക്കു അത്രേ എന്നു ഞാൻ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?

6 ചതെഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളങ്കയ്യിൽ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നേയാകുന്നു.

7 അല്ല നീ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കിൽ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടും: നിങ്ങൾ ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചതു?

8 ആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതു കെട്ടുക: തക്ക കുതിരച്ചേവകരെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം.

9 നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.

10 ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.

11 അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജനം കേൾക്കേ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.

12 അതിന്നു രബ്-ശാക്കേ: നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‌വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.

13 അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്കു കേൾപ്പിൻ.

14 രാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; അവന്നു നിങ്ങളെ വിടുവിപ്പാൻ കഴികയില്ല.

15 യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.

16 ഹിസ്കീയാവിന്നു നിങ്ങൾ ചെവി കൊടുക്കരുതു; അശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നിങ്ങൾ എന്നോടു സന്ധിചെയ്തു എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ.

17 പിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടു പോകും.

18 യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ജാതികളുടെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർ രാജാവിന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?

19 ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമര്യയെ എന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?

20 യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽ നിന്നു വിടുവിച്ചുവോ?

21 എന്നാൽ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.

22 ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan