Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 30 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും

2 ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നേ സംരക്ഷിക്കേണ്ടതിന്നും മിസ്രയീമിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.

3 എന്നാൽ ഫറവോന്റെ സംരക്ഷണ നിങ്ങൾക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.

4 അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.

5 അവർ ഒക്കെയും തങ്ങൾക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.

6 തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവർ ഇളം കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങൾക്കു ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കൽ കൊണ്ടുപോകുന്നു.

7 മിസ്രയീമ്യരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രെ; അതുകൊണ്ടു ഞാൻ അതിന്നു: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേർ വിളിക്കുന്നു.

8 നീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്കു ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.

9 അവർ മത്സരമുള്ളോരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.

10 അവർ ദർശകന്മാരോടു: ദർശിക്കരുതു; പ്രവാചകന്മാരോടു: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുതു; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിൻ; വ്യാജങ്ങളെ പ്രവചിപ്പിൻ;

11 വഴി വിട്ടു നടപ്പിൻ; പാത തെറ്റി നടപ്പിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ എന്നു പറയുന്നു.

12 ആകയാൽ യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനില്ക്കയും ചെയ്യുന്നതുകൊണ്ടു,

13 ഈ അകൃത്യം നിങ്ങൾക്കു ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടന്നു ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽ പോലെ ആയിരിക്കും.

14 അടുപ്പിൽനിന്നു തീ എടുപ്പാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാതവണ്ണം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടെച്ചുകളയുന്നതു പോലെ അവൻ അതിനെ ഉടെച്ചുകളയും.

15 യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനംതിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്കു മനസ്സാകാതെ: അല്ല;

16 ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ടു നിങ്ങൾ ഓടിപ്പോകേണ്ടിവരും; ഞങ്ങൾ തുരഗങ്ങളിന്മേൽ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.

17 മലമുകളിൽ ഒരു കൊടിമരംപോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചു പേരുടെ ഭീഷണിയാൽ നിങ്ങൾ ഒക്കെയും ഓടിപ്പോകും.

18 അതുകൊണ്ടു യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു; അതുകൊണ്ടു അവൻ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാർ.

19 യെരൂശലേമ്യരായ സീയോൻനിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും.

20 കർത്താവു നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.

21 നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.

22 വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങൾ അശുദ്ധമാക്കും; അവയെ മലിനമായോരു വസ്തുപോലെ എറിഞ്ഞുകളകയും പൊയ്ക്കൊ എന്നു പറകയും ചെയ്യും.

23 നീ നിലത്തു വിതെക്കുന്ന വിത്തിന്നു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും.

24 നിലം ഉഴുന്ന കാളകളും കഴുതകളും മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും ഉപ്പു ചേർത്തതുമായ തീൻ തിന്നും.

25 മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാകുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.

26 യഹോവ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.

27 ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവു ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.

28 ജാതികളെ നാശത്തിന്റെ അരിപ്പകൊണ്ടു അരിക്കേണ്ടതിന്നു അവന്റെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജാതികളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.

29 നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂർവ്വം സന്തോഷിക്കയും ചെയ്യും.

30 യഹോവ തന്റെ മഹത്വമുള്ള മേഘനാദം കേൾപ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റു മഴക്കോൾ, കന്മഴ എന്നിവയോടും കൂടെ തന്റെ ഭുജത്തിന്റെ അവതരണം കാണിക്കയും ചെയ്യും.

31 യഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; തന്റെ വടികൊണ്ടു അവൻ അവനെ അടിക്കും.

32 യഹോവ അവനെ വിധിദണ്ഡുകൊണ്ടു അടിക്കുന്ന ഓരോ അടിയോടും കൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവൻ അവരോടു തകർത്ത പടവെട്ടും.

33 പണ്ടു തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan