Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 29 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിൻ; ഉത്സവങ്ങൾ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ.

2 എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും.

3 ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.

4 അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയിൽനിന്നു ചിലെക്കും.

5 നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.

6 ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും.

7 അരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം അതിന്നും അതിന്റെ കോട്ടെക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നേ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും.

8 വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോൾ വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോൾ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം ഇരിക്കും.

9 വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവർ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.

10 യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.

11 അങ്ങനെ നിങ്ങൾക്കു സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.

12 അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.

13 ഈ ജനം അടുത്തു വന്നു വായ് കോണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.

14 ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കർത്താവു അരുളിച്ചെയ്തു.

15 തങ്ങളുടെ ആലോചനയെ യഹോവെക്കു അഗാധമായി മറെച്ചുവെക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!

16 അയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചു: അവൻ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു: അവന്നു ബുദ്ധിയില്ല എന്നും പറയുമോ?

17 ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?

18 അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും

19 സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും.

20 നിഷ്കണ്ടകൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.

21 മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതില്ക്കൽ ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.

22 ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ് ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചു പോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല.

23 എന്നാൽ അവൻ, അവന്റെ മക്കൾ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.

24 മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan