യെശയ്യാവ് 27 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. 2 അന്നു നിങ്ങൾ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിൻ. 3 യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും. 4 ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുൾപടർപ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാൻ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. 5 അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ. 6 വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തു പൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാകയും ചെയ്യും. 7 അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവൻ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവൻ കൊല്ലപ്പെട്ടിരിക്കുന്നതു? 8 അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കൻ കാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു. 9 ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്ക്കയില്ല. 10 ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്നു അവിടെയുള്ള തളിരുകളെ തിന്നുകളയും. 11 അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിർമ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവർക്കു കൃപ കാണിക്കയുമില്ല. 12 അന്നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. 13 അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.