യെശയ്യാവ് 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. 2 അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. 3 അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. 4 അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല. 5 യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. 6 എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു. 7 അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല. 8 അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. 9 മനുഷ്യൻ വണങ്ങുന്നു, പുരുഷൻ കുനിയുന്നു; ആകയാൽ നീ അവരോടു ക്ഷമിക്കരുതേ. 10 യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക. 11 മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. 12 സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും. 13 ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന 14 സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകുന്നുകളിന്മേലും 15 ഉന്നതമായ സകലഗോപുരത്തിന്മേലും 16 ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാരഗോപുരത്തിന്മേലും വരും. 17 അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. 18 മിത്ഥ്യാമൂർത്തികളോ അശേഷം ഇല്ലാതെയാകും. 19 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും. 20 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു 21 തങ്ങൾ നമസ്കരിപ്പാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും. 22 മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ; അവനെ എന്തു വിലമതിപ്പാനുള്ളു? |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.