Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 16 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻ പുത്രിയുടെ പർവ്വതത്തിലേക്കു കൊടുത്തയപ്പിൻ.

2 മോവാബിന്റെ പുത്രിമാർ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും.

3 ആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു.

4 മോവാബിന്റെ ഭ്രഷ്ടന്മാർ നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്കു ഒരു മറവായിരിക്ക; എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും.

5 അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്‌വരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്നു ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.

6 ഞങ്ങൾ മോവാബിന്റെ ഗർവ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു.

7 അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും.

8 ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമിയിലോളം പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്നു കടൽ കടന്നിരുന്നു.

9 അതുകൊണ്ടു ഞാൻ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്ക്കനികൾക്കും നിന്റെ കൊയ്ത്തിന്നും പോർവിളി നേരിട്ടിരിക്കുന്നു.

10 സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.

11 അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.

12 പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിപ്പാൻ കടന്നാൽ അവൻ കൃതാർത്ഥനാകയില്ല.

13 ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.

14 ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan