യെശയ്യാവ് 11 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. 2 അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. 3 അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. 4 അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. 5 നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും. 6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. 7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. 8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല. 10 അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും. 11 അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. 12 അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. 13 എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. 14 അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവെക്കും; അമ്മോന്യർ അവരെ അനുസരിക്കും. 15 യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവൻ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും. 16 മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്നു അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.