യെശയ്യാവ് 1 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. 2 ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. 3 കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. 4 അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. 5 ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. 6 അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. 7 നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. 8 സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. 9 സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു. 10 സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾപ്പിൻ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവിൻ. 11 നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല. 12 നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചതു ആർ? 13 ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ. 14 നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. 15 നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. 16 നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. 17 നന്മ ചെയ്‌വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ. 18 വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. 19 നിങ്ങൾ മനസ്സു വെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. 20 മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. 21 വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നതു എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കൊലപാതകന്മാർ. 22 നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. 23 നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നേ; അവർ ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 24 അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു: ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും. 25 ഞാൻ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും. 26 ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും. 27 സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. 28 എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. 29 നിങ്ങൾ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. 30 നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. 31 ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.