ഹോശേയ 9 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളിൽ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു. 2 കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവീഞ്ഞു അതിൽ ഇല്ലാതെയാകും. 3 അവർ യഹോവയുടെ ദേശത്തു പാർക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരിൽവെച്ചു മലിനമായതു തിന്നുകയും ചെയ്യും. 4 അവർ യഹോവെക്കു വീഞ്ഞുപകർന്നു അർപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങൾ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവർക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്കു ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല. 5 സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും? 6 അവർ നാശത്തിൽനിന്നു ഒഴിഞ്ഞുപോയാൽ മിസ്രയീം അവരെ കൂട്ടിച്ചേർക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങൾ തൂവെക്കു അവകാശമാകും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. 7 സന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവുംനിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും. 8 എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും. 9 ഗിബെയയുടെ കാലത്തു എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും. 10 മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ലേച്ഛതയുള്ളവരായ്തീർന്നു. 11 എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗർഭമോ ഗർഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും. 12 അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്കു അയ്യോ കഷ്ടം! 13 ഞാൻ എഫ്രയീമിനെ സോർവരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും. 14 യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും അവർക്കു കൊടുക്കേണമേ. 15 അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവെച്ചു അവർ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്നു അവരെ നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ അത്രേ. 16 എഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേർ ഉണങ്ങിപ്പോയി; അവർ ഫലം കായിക്കയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടകരമായ ഗർഭഫലത്തെ കൊന്നുകളയും. 17 അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവൻ അവരെ തള്ളിക്കളയും; അവർ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.