ഹോശേയ 13 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികെച്ചവനായിരുന്നു; എന്നാൽ ബാൽമുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി. 2 ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൗശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു. 3 അതുകൊണ്ടു അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും. 4 ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; 5 ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. 6 അവർക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ടു അവർ എന്നെ മറന്നുകളഞ്ഞു. 7 ആകയാൽ ഞാൻ അവർക്കു ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും; 8 കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‌വല കീറിക്കളയും; അവിടെവെച്ചു ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും. 9 യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു. 10 നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോൾ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ? 11 എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു. 12 എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു. 13 നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിങ്കൽ എത്തുന്നില്ല. 14 ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല. 15 അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻകാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നുകൊണ്ടുപോകും. 16 ശമര്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.