ഹോശേയ 12 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ടു കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വർദ്ധിപ്പിക്കുന്നു; അവർ അശ്ശൂര്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു. 2 യഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവൻ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും. 3 അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. 4 അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. 5 യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം. 6 അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക. 7 അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ടു; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു. 8 എന്നാൽ എഫ്രയീം: ഞാൻ സമ്പന്നനായ്തീർന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു. 9 ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും. 10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ചു ദർശനങ്ങളെ വർദ്ധിപ്പിച്ചു; പ്രവാചകന്മാർമുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു. 11 ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായ്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും. 12 യാക്കോബ് അരാം ദേശത്തിലേക്കു ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു. 13 യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു. 14 എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവു അവന്റെ രക്തത്തെ അവന്റെമേൽ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.