ഹോശേയ 10 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി. 2 അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായ്തീരും; അവൻ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും. 3 ഇപ്പോൾ അവൻ: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും. 4 അവർ വ്യർത്ഥവാക്കുകൾ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു. 5 ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു. 6 അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും. 7 ശമര്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും. 8 യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളെക്കും; അവർ മലകളോടു: ഞങ്ങളുടെമേൽ വീഴുവിൻ എന്നും പറയും. 9 യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ അവിടെത്തന്നേ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല; 10 ഞാൻ ആഗ്രഹിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യം നിമിത്തം ശിക്ഷിക്കുമ്പോൾ ജാതികൾ അവരുടെ നേരെ കൂടിവരും. 11 എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും. 12 നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ. 13 നിങ്ങൾ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു. 14 അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ. 15 അങ്ങനെ തന്നേ അവർ നിങ്ങളുടെ മഹാദുഷ്ടതനിമിത്തം ബേഥേലിൽവെച്ചു നിങ്ങൾക്കും ചെയ്യും; പുലർച്ചെക്കു യിസ്രായേൽരാജാവു അശേഷം നശിച്ചുപോകും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.