Biblia Todo Logo
Bìoball air-loidhne

- Sanasan -

എബ്രായർ 9 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 എന്നാൽ ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൗകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.

2 ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേർ.

3 രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.

4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും

5 അതിന്നു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.

6 ഇവ ഇങ്ങനെ തീർന്ന ശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്നു ശുശ്രൂഷ കഴിക്കും.

7 രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അർപ്പിക്കും.

8 മുങ്കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാൽ സൂചിപ്പിക്കുന്നു.

9 ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചു പോരുന്നു.

10 അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.

11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി, എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ

12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.

13 ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും

14 ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.

16 നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.

17 മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.

18 അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.

19 മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു:

20 “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.

21 അങ്ങനെ തന്നേ അവൻ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.

22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

23 ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. സ്വർഗ്ഗീയമായവെക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം.

24 ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.

25 മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല.

26 അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.

27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ

28 ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan