എബ്രായർ 4 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക. 2 അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല. 3 വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 4 “ഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളിൽനിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു. 5 “എന്റെ സ്വസ്ഥതയിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു. 6 അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും 7 ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു. 8 യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു. 9 ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു. 10 ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു. 11 അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക. 12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. 13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു. 14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക. 15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. 16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.