Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്രാ 7 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;

2 അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ;

3 അവൻ അമര്യാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;

4 അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ;

5 അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.

6 ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.

7 അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.

8 അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.

9 ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.

10 യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.

11 യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അർത്ഥഹ്ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകർപ്പാവിതു:

12 രാജാധിരാജാവായ അർത്ഥഹ്ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.

13 നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു.

14 നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും

15 യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,

16 ബാബേൽ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയംവകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.

17 ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവെക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം.

18 ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‌വാൻ നിനക്കും നിന്റെ സഹോദരന്മാർക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ.

19 നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.

20 നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തുകൊള്ളേണം.

21 അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയും വരെയും

22 ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.

23 രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.

24 പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവല്ക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു.

25 നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം.

26 എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.

27 യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകലപ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.

28 ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan