എസ്രാ 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അങ്ങനെ യിസ്രായേൽമക്കൾ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ ജനം ഒരുമനപ്പെട്ടു യെരൂശലേമിൽ വന്നുകൂടി. 2 യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. 3 അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ടു യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവെക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങളെത്തന്നേ അർപ്പിച്ചു. 4 എഴുതിയിരിക്കുന്നതുപോലെ അവർ കൂടാരപ്പെരുനാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവർ ഹോമയാഗം കഴിച്ചു. 5 അതിന്റെശേഷം അവർ നിരന്തരഹോമയാഗങ്ങളും അമാവാസ്യകൾക്കും യഹോവെക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കു ഒക്കെയും യഹോവെക്കു ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു. 6 ഏഴാം മാസം ഒന്നാം തിയ്യതിമുതൽ അവർ യഹോവെക്കു ഹോമയാഗം കഴിപ്പാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല. 7 അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു. 8 അവർ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷംസഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്നു യെരൂശലേമിലേക്കു വന്നവർ എല്ലാവരും കൂടി പണി തുടങ്ങി; ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു. 9 അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്‌വാൻ ഒരുമനപ്പെട്ടുനിന്നു. 10 പണിയുന്നവർ യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോൾ യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിർത്തി. 11 അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തിസ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തിൽ ആർത്തു ഘോഷിച്ചു. 12 എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടുകണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. 13 അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.