Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്രാ 10 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.

2 അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവു എസ്രയോടു പറഞ്ഞതു: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.

3 ഇപ്പോൾ ആ സ്ത്രീകളെ ഒക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറെക്കുന്നവരുടെയും നിർണ്ണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.

4 എഴുന്നേല്ക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.

5 അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കുപോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.

6 എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാർത്തു.

7 അനന്തരം അവർ സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും

8 പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.

9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.

10 അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റു അവരോടു: നിങ്ങൾ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.

11 ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‌വിൻ എന്നു പറഞ്ഞു.

12 അതിന്നു സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകന്നു.

13 എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.

14 ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവ്വസഭെക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.

15 അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.

16 പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാര്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.

17 അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീർത്തു.

18 പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെർ, യാരീബ്, ഗെദല്യാവു എന്നിവർ തന്നേ.

19 ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.

20 ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവു.

21 ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേൽ, ഉസ്സീയാവു.

22 പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവു, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.

23 ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെർ.

24 സംഗീതക്കാരിൽ: എല്യാശീബ്. വാതിൽകാവല്ക്കാരിൽ: ശല്ലൂം, തേലെം, ഊരി.

25 യിസ്രായേല്യരിൽ, പരോശിന്റെ പുത്രന്മാരിൽ: രമ്യാവു, യിശ്ശീയാവു, മല്ക്കീയാവു, മീയാമീൻ, എലെയാസാർ, മല്ക്കീയാവു, ബെനായാവു.

26 ഏലാമിന്റെ പുത്രന്മാരിൽ: മഥന്യാവു, സെഖര്യാവു, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലീയാവു.

27 സത്ഥൂവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവു, യെരേമോത്ത്, സാബാദ്, അസീസാ.

28 ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവു, സബ്ബായി, അഥെലായി.

29 ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാൽ, യെരേമോത്ത്.

30 പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേൽ, ബിന്നൂവി, മനശ്ശെ.

31 ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസെർ, യിശ്ശീയാവു, മല്ക്കീയാവു, ശെമയ്യാവു, ശിമെയോൻ,

32 ബെന്യാമീൻ, മല്ലൂക്, ശെമര്യാവു.

33 ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.

34 ബാനിയുടെ പുത്രന്മാരിൽ:

35 മയദായി, അമ്രാം, ഊവേൽ, ബെനായാവു,

36 ബേദെയാവു, കെലൂഹൂം, വന്യാവു, മെരേമോത്ത്,

37 എല്യാശീബ്, മത്ഥന്യാവു, മെത്ഥനായി,

38 യാസൂ, ബാനി, ബിന്നൂവി,

39 ശിമെയി, ശേലെമ്യാവു, നാഥാൻ, അദായാവു,

40 മഖ്നദെബായി, ശാശായി, ശാരായി,

41 അസരെയേൽ, ശേലെമ്യാവു, ശമര്യാവു,

42 ശല്ലൂം, അമര്യാവു, യോസേഫ്.

43 നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവു.

44 ഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരിൽ ചിലർക്കു മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan