Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 4 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.

2 യഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു.

3 അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അതു ഒരു സർപ്പമായ്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി.

4 യഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യിൽ വടിയായ്തീർന്നു.

5 ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു

6 യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.

7 നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.

8 എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും.

9 ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്കു കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിക്കേണം; നദിയിൽ നിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായ്തീരും.

10 മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.

11 അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;

12 ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.

13 എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.

14 അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.

15 നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞുകൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും; നിങ്ങൾ ചെയ്യേണ്ടുന്നതു ഉപദേശിച്ചു തരും.

16 നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.

17 അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾക.

18 പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്നു അവനോടു: ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു.

19 യഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു.

20 അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.

21 യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‌വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.

22 നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.

23 എനിക്കു ശുശ്രൂഷ ചെയ്‌വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.

24 എന്നാൽ വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.

25 അപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.

26 ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞതു.

27 എന്നാൽ യഹോവ അഹരോനോടു: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവ്വതത്തിങ്കൽവെച്ചു അവനെ എതിരേറ്റു ചുംബിച്ചു.

28 യഹോവ തന്നേ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.

29 പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.

30 യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു.

31 അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ടു അവർ കുമ്പിട്ടു നമസ്കരിച്ചു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan