പുറപ്പാട് 38 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു. 2 അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു. 3 ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി. 4 അവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി. 5 താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു. 6 ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു. 7 യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി. 8 സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾകൊണ്ടു അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി. 9 അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു. 10 അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു. 11 വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു. 12 പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു. 13 കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു. 14 വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും ഉണ്ടായിരുന്നു. 15 മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു. 16 ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ടു ആയിരുന്നു. 17 തൂണുകൾക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ടു മേൽചുറ്റുപടിയുള്ളവയും ആയിരുന്നു. 18 എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു. 19 അതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു. 20 തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികൾ ഒക്കെയും താമ്രം ആയിരുന്നു. 21 മോശെയുടെ കല്പന അനുസരിച്ചു പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്കു കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിന്നുണ്ടായ ചെലവു എന്തെന്നാൽ: 22 യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോടു യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി. 23 അവനോടുകൂടെ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൗശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ടു ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു. 24 വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു. 25 സഭയിൽ ചാർത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു. 26 ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാർത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന്നു ഓരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു. 27 വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി. 28 ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെൽകൊണ്ടു അവൻ തൂണുകൾക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു. 29 വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു. 30 അതുകൊണ്ടു അവൻ സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും 31 ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.