പുറപ്പാട് 24 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവൻ പിന്നെയും മോശെയോടു: നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തുനിന്നു നമസ്കരിപ്പിൻ. 2 മോശെ മാത്രം യഹോവെക്കു അടുത്തുവരട്ടെ. അവർ അടുത്തുവരരുതു; ജനം അവനോടുകൂടെ കയറി വരികയുമരുതു എന്നു കല്പിച്ചു. 3 എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. 4 മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പർവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു. 5 പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ചു യഹോവെക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. 6 മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. 7 അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. 8 അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു. 9 അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു. 10 അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. 11 യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു. 12 പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു. 13 അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി. 14 അവൻ മൂപ്പന്മാരോടു: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു. 15 അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി. 16 യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്നു മോശെയെ വിളിച്ചു. 17 യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി. 18 മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പർവ്വതത്തിൽ ആയിരുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.