പുറപ്പാട് 23 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 വ്യാജവർത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു. 2 ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു. 3 ദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുതു. 4 നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം. 5 നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻ കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവന്നു സഹായം ചെയ്യേണം. 6 നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ അവന്റെ ന്യായം മറിച്ചുകളയരുതു. 7 കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാൻ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ. 8 സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു. 9 പരദേശിയെ ഉപദ്രവിക്കരുതു: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ. 10 ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക. 11 ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അഹോവൃത്തി കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക. 12 ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം. 13 ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിൻ; അന്യദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കയും അരുതു. 14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. 15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു. എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു. 16 വയലിൽ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയിൽ വയലിൽ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. 17 സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം. 18 എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു. 19 നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു. 20 ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. 21 നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു. 22 എന്നാൽ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകെക്കുന്നവരെ ഞാൻ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. 23 എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. 24 അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. 25 നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്നു അകറ്റിക്കളയും. 26 ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും. 27 എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും. 28 നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും. 29 ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല. 30 നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും. 31 ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം. 32 അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു. 33 നീ എന്നോടു പാപം ചെയ്‌വാൻ അവർ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവർ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കണിയായി തീരും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.