Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്ഥേർ 5 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു.

2 എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നതു രാജാവു കണ്ടപ്പോൾ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.

3 രാജാവു അവളോടു: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.

4 അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.

5 എസ്ഥേർ പറഞ്ഞതുപോലെ ചെയ്‌വാൻ ഹാമാനെ വേഗം വരുത്തുവിൻ എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന്നു ചെന്നു.

6 വീഞ്ഞുവിരുന്നിൽ രാജാവു എസ്ഥേരിനോടു: നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു.

7 അതിന്നു എസ്ഥേർ: എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു:

8 രാജാവിന്നു എന്നോടു കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം നിവർത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാൻ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.

9 അന്നു ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്റെ വാതില്ക്കൽ മൊർദ്ദെഖായി എഴുന്നേല്ക്കാതെയും തന്നേ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാൻ മൊർദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു.

10 എങ്കിലും ഹാമാൻ തന്നേത്താൻ അടക്കിക്കൊണ്ടു തന്റെ വീട്ടിൽ ചെന്നു സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.

11 ഹാമാൻ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാർക്കും രാജഭൃത്യന്മാർക്കും മേലായി തന്നേ ഉയർത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.

12 എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.

13 എങ്കിലും യെഹൂദനായ മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാൻ പറഞ്ഞു.

14 അതിന്നു അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോടു: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊർദ്ദെഖായിയെ അതിന്മേൽ തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാന്നു ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan