Biblia Todo Logo
Bìoball air-loidhne

- Sanasan -

എഫെസ്യർ 6 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.

2 “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും

3 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.

5 ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ.

6 മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും

7 മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ.

8 ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.

9 യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‌വിൻ.

10 ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.

11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.

12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.

14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും

15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം

16 കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.

17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.

18 സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

19 ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും

20 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.

21 ഞാൻ എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.

22 നിങ്ങൾ ഞങ്ങളുടെ വസ്തുത അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു.

23 പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും സഹോദരന്മാർക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.

24 നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan