Biblia Todo Logo
Bìoball air-loidhne

- Sanasan -

എഫെസ്യർ 4 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം

2 പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും

3 ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‌വിൻ.

4 നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,

5 കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും

6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.

7 എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.

8 അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.

9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?

10 ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.

11 അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;

12 അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം

13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.

14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ

15 സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.

16 ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.

17 ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു.

18 അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,

19 ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.

20 നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ

21 ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.

22 മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു

23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു

24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.

25 ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ.

26 കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.

27 പിശാചിന്നു ഇടം കൊടുക്കരുതു.

28 കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.

29 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു.

30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.

31 എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.

32 നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan