സഭാപ്രസംഗി 9 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധന ചെയ്‌വാൻ ഞാൻ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യൻ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും. 2 എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിർമ്മലന്നും മലിനന്നും യാഗം കഴിക്കുന്നവന്നും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു. 3 എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു. 4 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ. 5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. 6 അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല. 7 നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ. 8 നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ. 9 സൂര്യന്നു കീഴെ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊൾക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി. 10 ചെയ്‌വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല. 11 പിന്നെയും ഞാൻ സൂര്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു. 12 മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയിൽ കുടുങ്ങിപ്പോകുന്നു. 13 ഞാൻ സൂര്യന്നു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അതു എനിക്കു വലുതായി തോന്നി: 14 ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങൾ പണിതു. 15 എന്നാൽ അവിടെ സാധുവായോരു ജ്ഞാനി പാർത്തിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല. 16 ജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാൻ പറഞ്ഞു. 17 മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലതു. 18 യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.