സഭാപ്രസംഗി 5 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു. 2 അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ. 3 കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു. 4 ദൈവത്തിന്നു നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുതു; മൂഢന്മാരിൽ അവന്നു പ്രസാദമില്ല; നീ നേർന്നതു കഴിക്ക. 5 നേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലതു. 6 നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു? 7 സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക. 8 ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. 9 കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും. 10 ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ. 11 വസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം? 12 വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല. 13 സൂര്യന്നുകീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ. 14 ആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല. 15 അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല. 16 അതും ഒരു വല്ലാത്ത തിന്മ തന്നേ; അവൻ വന്നതുപോലെ തന്നേ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന്നു എന്തു പ്രയോജനം? 17 അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു. 18 ഞാൻ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നു കുടിച്ചു സൂര്യന്നു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഓഹരി. 19 ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ. 20 ദൈവം അവന്നു ഹൃദയസന്തോഷം അരുളുന്നതുകൊണ്ടു അവൻ തന്റെ ആയുഷ്കാലം ഏറെ ഓർക്കുകയില്ല. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.