സഭാപ്രസംഗി 1 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. 2 ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. 3 സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം? 4 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; 5 ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു. 6 കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു. 7 സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു. 8 സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല. 9 ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‌വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല. 10 ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു. 11 പുരാതന ജനത്തെക്കുറിച്ചു ഓർമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമ്മയുണ്ടാകയില്ല. 12 സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു. 13 ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ. 14 സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ. 15 വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ. 16 ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞതു: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു. 17 ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. 18 ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.