Biblia Todo Logo
Bìoball air-loidhne

- Sanasan -

ദാനീയേൽ 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 നെബൂഖദ്നേസർരാജാവു പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽസംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി.

2 നെബൂഖദ്നേസർരാജാവു പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടുവാൻ ആളയച്ചു.

3 അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടി, നെബൂഖദ്നേസർ നിർത്തിയ ബിംബത്തിന്റെ മുമ്പാകെ നിന്നു.

4 അപ്പോൾ ഘോഷകൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാൽ:

5 കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധവാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണു, നെബൂഖദ്നേസർരാജാവു നിർത്തിയിരിക്കുന്ന സ്വർണ്ണബിംബത്തെ നമസ്കരിക്കേണം.

6 ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.

7 അതുകൊണ്ടു സകലവംശങ്ങളും കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലവംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ്നേസർരാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിച്ചു.

8 എന്നാൽ ആ സമയത്തു ചില കല്ദയർ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി.

9 അവർ നെബൂഖദ്നേസർരാജാവിനെ ബോധിപ്പിച്ചതു: രാജാവു ദീർഘായുസ്സായിരിക്കട്ടെ!

10 രാജാവേ, കാഹളം കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണു സ്വർണ്ണബിംബത്തെ നമസ്കരിക്കേണമെന്നും

11 ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പു കല്പിച്ചുവല്ലോ.

12 ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.

13 അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു.

14 നെബൂഖദ്നേസർ അവരോടു കല്പിച്ചതു: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നേയോ?

15 ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽതന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?

16 ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടു: നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല.

17 ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.

18 അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.

19 അപ്പോൾ നെബൂഖദ്നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതിൽ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാൻ അവൻ കല്പിച്ചു.

20 അവൻ തന്റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയിൽ ഇട്ടുകളവാൻ കല്പിച്ചു.

21 അങ്ങനെ അവർ ആ പുരുഷന്മാരെ, അവരുടെ കാൽചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയിൽ ഇട്ടുകളഞ്ഞു.

22 രാജകല്പന കർശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.

23 ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു.

24 നെബൂഖദ്നേസർരാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു എന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു.

25 അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.

26 നെബൂഖദ്നേസർ എരിയുന്ന തീച്ചൂളയുടെ വാതില്ക്കൽ അടുത്തുചെന്നു: അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു.

27 പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന്നു തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽചട്ടെക്കു കേടു പറ്റാതെയും അവർക്കു തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു.

28 അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.

29 ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു.

30 പിന്നെ രാജാവു ശദ്രക്കിന്നും മേശക്കിന്നും അബേദ്നെഗോവിന്നും ബാബേൽസംസ്ഥാനത്തു സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan