Biblia Todo Logo
Bìoball air-loidhne

- Sanasan -

കൊലോസ്യർ 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി,

2 അവർ ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.

3 അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.

4 വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു.

5 ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.

6 ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;

7 അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.

8 തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.

9 അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.

10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.

11 അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.

12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു,

13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;

14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;

15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

16 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.

17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.

18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.

19 തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു.

20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ

21 മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണയായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?

22 ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.

23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan