പ്രവൃത്തികൾ 22 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ. 2 എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ടു അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ: 3 ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാല്ക്കുൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു. 4 ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുംവന്നു. 5 അതിന്നു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാൻ അവിടേക്കു യാത്രയായി. 6 അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകാശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി. 7 ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. 8 കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്നു അവൻ എന്നോടു പറഞ്ഞു. 9 എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. 10 കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. 11 ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി. 12 അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു: 13 സഹോദരനായ ശൗലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു. 14 അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. 15 നീ കാൺകയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും. 16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. 17 പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: 18 നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു 19 അതിന്നു ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും 20 നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 21 അവൻ എന്നോടു: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു. 22 ഈ വാക്കോളം അവർ അവന്നു ചെവികൊടുത്തു; പിന്നെ: ഇങ്ങനെത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു. 23 അവർ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ടു എറിഞ്ഞും കൊണ്ടിരിക്കുമ്പോൾ 24 അവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു. 25 തന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. 26 ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു എന്നു ബോധിപ്പിച്ചു. 27 സഹസ്രാധിപൻ വന്നു: നീ റോമപൗരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു: 28 അതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൗരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു. 29 ഭേദ്യം ചെയ്‌വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമപൗരൻ എന്നു അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു. 30 പിറ്റെന്നു യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ടു അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടി വരുവാൻ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണ്ടുചെന്നു അവരുടെ മുമ്പിൽ നിറുത്തി. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.