പ്രവൃത്തികൾ 18 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. 2 യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ലൗദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു. 3 തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. 4 എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു. 5 ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. 6 അവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു. 7 അവൻ അവിടം വിട്ടു, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു. 8 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. 9 രാത്രിയിൽ കർത്താവു ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; 10 ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു. 11 അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു. 12 ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു: 13 ഇവൻ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. 14 പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. 15 വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു 16 അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. 17 എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല. 18 പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു 19 എഫെസോസിൽ എത്തി അവരെ അവിടെ വിട്ടു; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. 20 കുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ: 21 ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, 22 കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി. 23 അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു. 24 അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി. 25 അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. 26 അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു. 27 അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു. 28 യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.