പ്രവൃത്തികൾ 1 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ. 2 അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ 3 പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു. 4 അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; 5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. 6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു. 7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല. 8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. 9 ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു. 10 അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു: 11 ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു. 12 അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 13 അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും 14 സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു. 15 ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു: 16 സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു. 17 അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ. 18 ‒അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. 19 അതു യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി. 20 ‒സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു. 21 ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന 22 കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. 23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി: 24 സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു 25 ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു: 26 ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.