2 തെസ്സലൊനീക്യർ 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: 2 കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. 3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. 4 അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ. 5 നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? 6 അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു. 7 അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം. 8 അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. 9 അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; 10 അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും. 11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു 12 ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു. 13 ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. 14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു. 15 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ. 16 നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും 17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.