2 ശമൂവേൽ 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അനന്തരം ദാവീദ് യഹോവയോടു: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി. 2 അങ്ങനെ ദാവീദ് യിസ്രെയേല്ക്കാരത്തി അഹീനോവം, കർമ്മേല്യൻനാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു. 3 ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു. 4 അപ്പോൾ യെഹൂദാപുരുഷന്മാർ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു. 5 ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൗലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. 6 യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങൾക്കു നന്മ ചെയ്യും. 7 ആകയാൽ നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു. 8 എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി, 9 അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ യിസ്രായേല്യർക്കും രാജാവാക്കി, 10 ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവന്നു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേർന്നുനിന്നു. 11 ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറുമാസവും തന്നേ. 12 നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു. 13 അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു. 14 അബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെമുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു. 15 അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു. 16 ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി. 17 അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി. 18 അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു. 19 അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല. 20 അബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവൻ ഉത്തരം പറഞ്ഞു. 21 അബ്നേർ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവർഗ്ഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാൻ മനസ്സായില്ല. 22 അബ്നേർ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു. 23 എന്നാറെയും വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി. 24 യോവാബും അബീശായിയും അബ്നോരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു. 25 ബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻമുകളിൽ നിന്നു. 26 അപ്പോൾ അബ്നേർ യോവാബിനോടു: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു. 27 അതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു. 28 ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല പൊരുതതുമില്ല. 29 അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു യോർദ്ദാൻ കടന്നു ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി. 30 യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ചേവരകരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു. 31 എന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു. 32 അസാഹേലിനെ അവർ എടുത്തു ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലർച്ചെക്കു ഹെബ്രോനിൽ എത്തി. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.