2 ശമൂവേൽ 13 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു. 2 തന്റെ സഹോദരിയായ താമാർനിമിത്തം മാൽ മുഴുത്തിട്ടു അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‌വാൻ അമ്നോന്നു പ്രയാസം തോന്നി. 3 എന്നാൽ അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു. 4 അവൻ അവനോടു: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു. 5 യോനാദാബ് അവനോടു: നീ രോഗംനടിച്ചു കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോടു: എന്റെ സഹോദരിയായ താമാർ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവെച്ചുതന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു. 6 അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോടു: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കയ്യിൽനിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പിൽ വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു. 7 ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു. 8 താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പിൽവെച്ചുതന്നേ വടകളായി ചുട്ടു. 9 ഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി. 10 അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു. 11 അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 12 അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതേ. 13 എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു. 14 എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാല്ക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു. 15 പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോൻ അവളോടു പറഞ്ഞു; 16 അവൾ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന്നു അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല. 17 അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു. 18 അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടെച്ചുകളഞ്ഞു. 19 അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു. 20 അവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു. 21 ദാവീദ് രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു. 22 എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു. 23 രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു. 24 അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു. 25 രാജാവു അബ്ശാലോമിനോടു: വേണ്ടാ മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചിട്ടും പോകുവാൻ മനസ്സാകാതെ അവൻ അവനെ അനുഗ്രഹിച്ചു. 26 അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടു: അവൻ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു. 27 എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു. 28 എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചു കൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു. 29 അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി. 30 അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നേ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വർത്തമാനം എത്തി. 31 അപ്പോൾ രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു. 32 എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുതു; അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്തു ഈ നിർണ്ണയം കാണ്മാൻ ഉണ്ടായിരുന്നു. 33 ആകയാൽ രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വർത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ള. 34 എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു. 35 അപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു. 36 അവൻ സംസാരിച്ചു തീർന്നപ്പോഴെക്കു രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു. 37 എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു. 38 ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു. 39 എന്നാൽ ദാവീദ് രാജാവു അബ്ശാലോമിനെ കാണ്മാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.