2 ശമൂവേൽ 1 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്ത ശേഷം 2 മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു. 3 ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽപാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു. 4 ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു. 5 വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു 6 വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു; 7 അവൻപിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു. 8 നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു. 9 അവൻഎന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു. 10 അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു. 11 ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു. 12 അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു. 13 ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു. 14 ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു. 15 പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു. 16 അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നേ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു. 17 അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി - 18 അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:- 19 യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയതു എങ്ങനെ! 20 ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. 21 ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ. 22 നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല. 23 ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ, സിംഹത്തിലും വീര്യവാന്മാർ. 24 യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. 25 യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ. 26 യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു. 27 വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ! |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.