Biblia Todo Logo
Bìoball air-loidhne

- Sanasan -

2 കൊരിന്ത്യർ 8 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.

2 കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു.

3 വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു

4 പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാൻ സാക്ഷി.

5 അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നേ കർത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.

6 അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയിൽ ഈ ധർമ്മശേഖരം നിവർത്തിക്കേണം എന്നു ഞങ്ങൾ അവനോടു അപേക്ഷിച്ചു.

7 എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂർണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമ്മകാര്യത്തിലും മുന്തിവരുവിൻ.

8 ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.

9 നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.

10 ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‌വാൻ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം.

11 എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.

12 ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.

13 മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.

14 സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.

15 “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

16 നിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.

17 അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.

18 ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.

19 അത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.

20 ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു

21 ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.

22 ഞങ്ങൾ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.

23 തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.

24 ആകയാൽ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവർക്കു കാണിച്ചുകൊടുപ്പിൻ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan