1 തെസ്സലൊനീക്യർ 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. 2 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു. 3 ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല. 4 ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നതു. 5 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. 6 ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല; 7 ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. 8 ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു. 9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു. 10 വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി. 11 തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം 12 ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ. 13 ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടുമിരിക്കുന്നു. 14 സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ. 15 യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും 16 ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു. 17 സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു. 18 അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. 19 നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ? 20 ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.