1 ശമൂവേൽ 9 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു. 2 അവന്നു ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു. 3 ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു. 4 അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല. 5 സൂഫ് ദേശത്തു എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു. 6 അതിന്നു അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ടു; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു. 7 ശൗൽ തന്റെ ഭൃത്യനോടു: നാം പോകുന്നു എങ്കിൽ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു. 8 ഭൃത്യൻ ശൗലിനോടു: എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.‒ 9 പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.‒ 10 ശൗൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി. 11 അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു. 12 അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു. 13 നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു. 14 അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു. 15 എന്നാൽ ശൗൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി: 16 നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു. 17 ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു. 18 അന്നേരം ശൗൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു. 19 ശമൂവേൽ ശൗലിനോടു: ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. 20 മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു. 21 അതിന്നു ശൗൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു. 22 പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു. 23 ശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കൽ വെച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു. 24 വെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്നു ശൗലിന്റെ മുമ്പിൽവെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു. 25 അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവെച്ചു ശൗലുമായി സംസാരിച്ചു. 26 അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൗലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു, 27 പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൗലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി;- ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്ക്ക എന്നു പറഞ്ഞു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.