1 ശമൂവേൽ 6 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്തു ആയിരുന്നു. 2 എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങൾക്കു പറഞ്ഞുതരുവിൻ എന്നു ചോദിച്ചു. 3 അതിന്നു അവർ: നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയക്കുന്നു എങ്കിൽ വെറുതെ അയക്കാതെ ഒരു പ്രായശ്ചിത്തവും അവന്നു കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്കു സൗഖ്യംവരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നതു എന്തു എന്നു നിങ്ങൾക്കു അറിയാം എന്നു പറഞ്ഞു. 4 ഞങ്ങൾ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവർ പറഞ്ഞതു: ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു. 5 ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന്നു തിരുമുല്ക്കാഴ്ചവെക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെ മേൽനിന്നും നിങ്ങളുടെ ദേവന്മാരുടെ മേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽ നിന്നും നീക്കും. 6 മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയക്കയും അവർ പോകയും ചെയ്തതു? 7 ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ. 8 പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വെപ്പിൻ; നിങ്ങൾ അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാൻ വിടുവിൻ. 9 പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നേയാകുന്നു നമുക്കു ഈ വലിയ അനർത്ഥം വരുത്തിയതു; അല്ലെങ്കിൽ നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം. 10 അവർ അങ്ങനെ തന്നേ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ടു അടെച്ചു. 11 പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വെച്ചു. 12 ആ പശുക്കൾ നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി: അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു. 13 അന്നേരം ബേത്ത്-ശേമെശ്യർ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു. 14 വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു: അവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവെക്കു ഹോമയാഗം കഴിച്ചു. 15 ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു. 16 ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി. 17 ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേർക്കു ഒന്നു, ഗസ്സയുടെ പേർക്കു ഒന്നു, അസ്കലോന്റെ പേർക്കു ഒന്നു, ഗത്തിന്റെ പേർക്കു ഒന്നു, എക്രോന്റെ പേർക്കു ഒന്നു ഇങ്ങനെയായിരുന്നു. 18 പൊന്നുകൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു. 19 ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു: 20 ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്കു കഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും എന്നു ബേത്ത്-ശേമെശ്യർ പറഞ്ഞു. 21 അവർ കിര്യത്ത്-യെയാരീംനിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ എന്നു പറയിച്ചു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.